ചായം


ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ തീരെ ഇഷ്ട്ടം  അല്ലായിരുന്നു.
ഞാൻ കണ്ട ഒരു ഷോർട്ട് ഫിലിമാണ് എനിക്ക് ഉണ്ടായ അനുഭവം എഴുതണമെന്നു എന്നെ പ്രേരിപ്പിച്ചത്.


കോളേജിൽ പഠിക്കുന്ന കാലം.
കൃത്യമായി പറഞ്ഞാൽ രണ്ടാം സെമസ്റ്റർ പകുതി കഴിഞ്ഞു.
എന്റെ ക്ലാസ്സിലെ എല്ലാ ചങ്ക്കളുമായി നല്ല ചങ്ങാത്തം കൂടി അടിച്ചു പോളിച്ചു നടക്കുന്ന സമയം.
പക്ഷെ ക്ലാസ്സിനു പുറത്ത് സീനിയേഴ്സുമായി അധികം കൂട്ട് കൂടാൻ പോകാറില്ല. കാരണം മിണ്ടാൻ തന്നെ അന്ന് പേടിയാണ്.
ക്ലാസ് !
കോളേജ് !
സിനിമ !
ഇതു തന്നെ ശരണം !!!
സിനിമ എന്ന വിചിത്ര ലോകത്തേക്കുള്ള പഠനം തകൃതിയായി നടക്കുന്നു. ഫോട്ടോഗ്രാഫിയോട് അന്നേ ഒരു കമ്പം ഉണ്ട്
പക്ഷെ എന്റെ ഉള്ളിൽ
അഭിനയം എന്ന സ്വപ്നം മാത്രമാണ്.
സിനിമയിൽ അഭിയിക്കണം എന്നു ഒന്നും അല്ല നാടകം, കഥകളി ഒക്കെയാണ് ഇഷ്ട്ടം.
ചങ്ങനാശേരി അമ്പലത്തിൽ ഉത്സവം നടക്കുമ്പോൾ കഥകളി കാണാൻ പോയി അങ്ങു ഇഷ്ട്ടം കൂടി, വീട്ടിൽ വരുമ്പോൾ അമ്മയോട് ഞാൻ പറയും കഥകളി പഠിക്കണം എന്നൊക്കെ....

അപ്പോൾ വിഷയത്തിലേക്ക് വരാം
അന്ന് പ്രൊഫ. കവിയൂർ ശിവപ്രസാദ് സാറാണ് Media and Acting 1 എന്ന രണ്ടാം സെമസ്റ്റർ വിഷയം കൈകാര്യം ചെയ്യുന്നത്. പേര് പോലെ തന്നെ ഏറെ ഇഷ്ട്ടമുള്ള വിഷയം. ഓരോ ദിവസവും സർ ഓരോ ഓരോ പുതിയ പുതിയ കാര്യങ്ങളാണ് ഞങ്ങളെ പഠിപ്പിക്കുന്നത്. Acting മാത്രമല്ല സിനിമയെ പറ്റിയുള്ള എന്ത് സംശയവും സർ നിഷ്പ്രയാസം പറഞ്ഞു മനസിലാക്കി തരും.
കൂട്ടത്തിൽ സംശയം കൂടുതൽ ചോദിക്കുന്ന കുട്ടിയും ഞാൻ തന്നെയായിരുന്നു.  അതുകൊണ്ട് എന്റെ പ്രീയപ്പെട്ട അധ്യാപരിൽ ഒരാളാണ് സർ. പലപ്പോഴായി ഗുരുനാഥന്റെ  സ്നേഹവും ഞാൻ തിരിച്ചറിഞ്ഞിരുന്നു.
Acting Workshop യിൽ സർ ഓരോത്തരെ കൊണ്ടും ചെയ്യ്ക്കുമ്പോഴും ഞാൻ കാത്തിരിക്കും എന്റെ ഊഴത്തിനായി. അക്കൂട്ടത്തിൽ സർ എന്നെയും വിളിക്കും അഭിനയിപ്പിക്കും. ഓരോ മൂവ്മെന്റ്‌സും കൃത്യമായി സൂക്ഷമായി ഞാൻ ചെയ്യും... ചെയ്തു കഴിയുമ്പോഴേ വലിയ ഒരു സ്വീകാര്യത എന്റെ ക്ലാസ്സ് മുറിയിൽ നിന്നും എനിക്കു കിട്ടാറുണ്ട് അതു തുടക്കം മുതലേ കിട്ടുന്നത് കൊണ്ടു എന്റെ ഓസ്കാർ വേദിയാണ് ക്ലാസ്സ്റൂം. എല്ലാം ദൈവ അനുഗ്രഹം മാത്രം എന്നു വിശ്വസിക്കുന്നു. ആ പഠനം ഇന്നും തുടരുന്നു.
ഒരു പഠനവും എങ്ങും അവസാനിക്കുന്നില്ല.

അങ്ങനെ ഇരിക്കെ എന്റെ കോളേജിലെ ഒരു സീനിയർ പെണ്കുട്ടി ഒരു ഷോർട്ട് ഫിലിം സ്വാതന്ത്രമായി സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ആ ചിത്രത്തിൽ അഭിനയിക്കാൻ ആളെ തിരഞ്ഞു, കൂടെ ഉണ്ടായിരുന്ന ഒരു സീനിയർ ചേട്ടനെ ക്ലാസ്സിൽ അയച്ചു എന്നെ കാണണം എന്ന് പറയുകയുണ്ടായി...
ഞാൻ ക്ലാസ്സിൽ നിന്നും വെളിയിലേക്ക് വരികയും ആ ചേട്ടൻ എന്നെയും കൂട്ടി ആ പെണ്കുട്ടിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി...
വെളുത്തു സുന്ദരിയായ ഒരു പെണ്കുട്ടി
ആ ചേട്ടൻ വിളിച്ചു പറഞ്ഞു
ദേ... ഇതാണ്‌ ആ പയ്യൻ !
എന്നെ കണ്ടതും ആ പെണ്കുട്ടി ഒറ്റ ചിരി !
ചിരി നിർത്താൻ പറ്റാതെ അടുത്തുള്ള ഭിത്തിയിൽ വരെ അവർ പിടിച്ചു
ചിരി തുടർന്ന് കൊണ്ടേയിരുന്നു.
കൂടെ നിന്ന ആ ചേട്ടൻ എന്നെ നോക്കി എന്തു പറയണം എന്ന് അറിയാതെ എന്റെ അടുത്തേക്ക് വന്നു...
ഞാൻ മെല്ലെ കാലുകൾ പിറകിലേക്ക് നീക്കി തിരികെ ക്ലാസ്സിലെക്ക് നടന്നു.
അന്ന് എനിക്ക് മനസിലായി
എൻ്റെ രൂപം വൃകൃതമാണ്.
എന്റെ നിറം കറുപ്പാണ്.

_ ജോർജ്ജ് ജോസഫ്

Comments

Post a Comment

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം